International
ടെഹ്റാൻ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ തുടരുന്ന പ്രത്യാക്രമണം രൂക്ഷമാകുന്നു. യുഎസിന്റെ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആകാശത്ത് വച്ച് വിമാനത്തിന് സമീപം സ്ഫോടനമുണ്ടാകുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിമാനം തകരുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഇറാന്റെ അവകാശവാദത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ തുടരുന്ന സംഘർഷത്തിനിടെ ഇത്തരം നിരവധി അവകാശവാദങ്ങൾ ഇറാൻ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം യുഎസ് സെൻട്രൽ കമാൻഡ് തള്ളുകയായിരുന്നു.
International
വത്തിക്കാൻ സിറ്റി: അമേരിക്കൻ ആർച്ച്ബിഷപ്പായിരുന്ന ധന്യൻ ഫുൾട്ടൻ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഈവർഷം സെപ്റ്റംബർ 24ന് അമേരിക്കയിലെ മിസോറി സെന്റ് ലൂയിസിൽ നടക്കും.
ലെയോ പതിനാലാമൻ മാർപാപ്പയെ പ്രതിനിധീകരിച്ചു സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേയായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.
2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഫുൾട്ടൻ ജെ. ഷീനിനെ ധന്യനായി പ്രഖ്യാപിച്ചത്. 2019ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
ഇല്ലിനോയിസിലെ എൽ പാസോയിൽ ഐറിഷ് കുടുംബത്തിൽ 1895 മേയ് എട്ടിനു ജനിച്ച ഫുൾട്ടൻ ജെ. ഷീൻ 1919ൽ പൗരോഹിത്യം സ്വീകരിച്ചു.
വാഷിംഗ്ണിലെ കാത്തലിക് യൂണിവേഴ്സിറ്റ് ഓഫ് അമേരിക്ക, ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റി, റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചിട്ടുള്ള ആര്‍ച്ച്ബിഷപ് ഷീനിന്റെ അറിവും പരിജ്ഞാനവും പ്രഭാഷണങ്ങളുടെ ഉള്‍ക്കാമ്പും കണക്കിലെടുത്ത് സമകാലീന ലോകം അദ്ദേഹത്തെ വിശുദ്ധിയുള്ള താത്വികനും ദൈവശാസ്ത്രപണ്ഡിതനുമായി അംഗീകരിച്ചുവരുന്നു.
ലോകപ്രശസ്ത ടെലിവിഷന്‍ വചനപ്രഭാഷകനായി അറിയപ്പെടുന്ന അദ്ദേഹം “ജീവന് ജീവിതയോഗ്യമാണ്” (ലൈഫ് ഈസ് വർത്ത് ലിവിംഗ്) എന്ന ടെലിവിഷന്‍ പ്രഭാഷണപരമ്പരയിലൂടെ ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായും 1969ൽ ന്യൂപോർട്ട് ആർച്ച്ബിഷപ്പായും നിയമിതനായി. 1979 ഡിസംബർ ഒന്‍പതിന് 84-ാം വയസിൽ ന്യൂയോർക്കിലായിരുന്നു അന്ത്യം.
International
ടെഹ്റാൻ: തങ്ങളെ ആക്രമിക്കാൻ വരുന്നവരെ തിരിച്ചും ആക്രമിക്കുമെന്ന് ഇറാൻ. സ്വയം പ്രതിരോധിക്കാൻ ഇറാൻ മടിക്കില്ലെന്നും സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ തയാറാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരാഗ്ചി വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചിട്ടില്ലെന്നും എന്നാൽ അമേരിക്കയ്ക്കും സഖ്യകക്ഷികളുമായി ബന്ധമുള്ളവർക്കും പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ അറിയിച്ചു. വെടിനിർത്തലിനോ നയതന്ത്ര ചർച്ചകൾക്കോ തങ്ങൾ മുൻകൈ എടുത്തിട്ടില്ലെന്നും അരാഗ്ചി ആവർത്തിച്ചു.
മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ മറ്റ് രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങൾ ആക്രമിച്ച് യുഎസും ഇസ്രയേലും. രാത്രി നടത്തിയ ആക്രമണങ്ങളിൽ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗമെന്നും ഇറാൻ അറിയിച്ചു.
അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ. അമേരിക്കയും ഇസ്രയേലും ഒഴികെയുള്ള രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് തടസമില്ലെന്ന് ഇറാൻ.
ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയത്. നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിരോധിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന് നേരെ ആക്രമണങ്ങൾ നടത്തുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾ ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗനിൽ ഡിട്രോയ്റ്റ് നഗരത്തിന് സമീപത്തെ ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 12,000 അംഗങ്ങളുള്ള സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. ജൂതസമൂഹത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ വ്യക്തമാക്കി.
സിനഗോഗിലെ പ്രൈമറി സ്കൂളിൽ 140 ഓളം കുട്ടികൾ ക്ലാസിലുള്ള സമയത്തായിരുന്നു ആക്രമണം. സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയ അക്രമി ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.
അക്രമിയുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാൻ തനിക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഇനി ആക്രമണത്തിന് ലക്ഷ്യമിടാൻ കാര്യമായൊന്നും ബാക്കിയില്ലെന്നും ട്രംപ് പറഞ്ഞു.
യുദ്ധം ഉടൻ അവസാനിക്കുമെന്ന് പറഞ്ഞ ട്രംപ് നിശ്ചയിച്ച സമയപരിധിയേക്കാൾ തങ്ങൾ മുന്നിലാണെന്നും വ്യക്തമാക്കി. യുദ്ധം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്നാണ് ഇറാനെതിരായ ആക്രമണങ്ങളെ കുറിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം.
ആറ് ആഴ്ചത്തേക്കാണ് യുദ്ധം നീണ്ടുപോകുമെന്ന് കരുതിയത്. എന്നാൽ ഈ കാലയളവിലുണ്ടാകുമെന്ന് വിചാരിച്ചതിലും കൂടുതൽ നാശനഷങ്ങൾ നിലവിൽ ഇറാനിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.
ഇറാൻ അമേരിക്കയെയും ഇസ്രയേലിനെയും ഭീഷണിപ്പെടുത്തുക മാത്രമല്ല മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളെയും ലക്ഷ്യമിടുകയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. 47 വർഷത്തെ ഇറാൻ ഭരണകൂടത്തിന്റെ ചെയ്തികൾക്കുള്ള തിരിച്ചടിയാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
പ്യോംഗ്യാംഗ്: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ഉത്തര കൊറിയ രംഗത്ത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനയ്ക്ക് ഉത്തര കൊറിയ പിന്തുണ അറിയിച്ചിട്ടുണ്ട്.
ആയത്തൊള്ള അലി ഖമനയ്യുടെ വധത്തിലും ഉത്തര കൊറിയ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇറാൻ തെരഞ്ഞെടുത്ത പുതിയ നേതാവിനെ തങ്ങൾ മാനിക്കുന്നുവെന്നും ഉത്തര കൊറിയയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇറാനെതിരായ സൈനിക ആക്രമണത്തിലൂടെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ തകർക്കുകയും അന്താരാഷ്ട്ര തലത്തിൽ അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നതായും ഉത്തര കൊറിയ അറിയിച്ചു.
ഇറാനെതിരായുള്ള യുഎസ്-ഇസ്രയേൽ സൈനിക നീക്കത്തെ ഗുണ്ടാസംഘങ്ങളുടെ പ്രവൃത്തിയെന്ന് നേരത്തെ ഉത്തര കൊറിയ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കം തുടരുന്നതിനിടെ ചൊവ്വാഴ്ച ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ആക്രമണം നടക്കുമെന്ന് അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
ഇറാനെതിരായ സംയുക്ത സൈനികാക്രമണത്തിന്റെ 11ാം ദിവസമാണ് ചൊവ്വാഴ്ച. ഇറാനെ പൂർണമായി പരാജയപ്പെടുത്തുന്നത് വരെ അമേരിക്ക പിന്തിരിയില്ലെന്നും കഴിഞ്ഞ ദിവസം ഇറാന്റെ മിസൈൽ ആക്രമണം ദുർബലമായിരുന്നതായും ഹെഗ്സെത്ത് വ്യക്തമാക്കി.
ഇറാന്റെ സൈനികശേഷി ദുർബലമാക്കുന്നതിൽ അമേരിക്കൻ സൈനികർ വിജയിച്ചതായും ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ യുഎസ് വിജയത്തിന്റെ വക്കിലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.
Editorial
യുദ്ധം തുടങ്ങിയിട്ടു 10 ദിവസം കഴിഞ്ഞു. പുതുതായി രണ്ടു കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒന്ന്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സിബിഎസ് ന്യൂസിനോടു പറഞ്ഞത്, യുദ്ധം ഉടനെ തീർന്നേക്കുമെന്നാണ്. ഇതോടെ ആഗോളവിപണിയിൽ എണ്ണവിലയിൽ നേരിയ ഇടിവുണ്ടായി.
മറ്റൊരു കാര്യം, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്കുനേരേയുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരേ ചൈന രംഗത്തെത്തിയതാണ്. നേതാവിനെ തെരഞ്ഞെടുക്കുന്നത് ഇറാന്റെ ആഭ്യന്തര കാര്യമാണെന്നും സൈനികനീക്കങ്ങൾ നിറുത്തണമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
ഇത്, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ ചൈനയും സൈനിക യൂണിഫോം അണിയുമെന്ന മുന്നറിയിപ്പായി ആരുമെടുത്തിട്ടില്ല. ഇറാനെ സഹായിക്കാൻ അൽപമെങ്കിലും ശേഷിയുള്ള ചൈനയും റഷ്യയും തുടരുന്ന നിസംഗത, അവരുടെ ദൗർബല്യവും അമേരിക്കയുടെ അപ്രമാദിത്വവും വെളിപ്പെടുത്തിയിരിക്കുന്നു.
ഐക്യരാഷ്ട്രസഭ ചിത്രത്തിലില്ല. ഇറാൻ കീഴടങ്ങുകയോ ഇസ്രയേലും അമേരിക്കയും മതിയെന്നു തീരുമാനിക്കുകയോ ചെയ്യുവോളം യുദ്ധം നീളും. യുദ്ധം ഉടനെ അവസാനിച്ചേക്കുമെന്നു ട്രംപ് സൂചിപ്പിച്ചെങ്കിലും ഇറാൻ വഴങ്ങിയില്ലെങ്കിൽ കാര്യങ്ങൾ പഴയപടിയാകില്ല.
അമേരിക്കൻ, ഇസ്രേലി നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ ഹോർമുസ് കടലിടുക്കിലൂടെ പോകാൻ അനുവദിക്കൂ എന്നാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഹോർമുസിൽ വഴി തടഞ്ഞാൽ ഇതുവരെ അനുഭവിച്ചതിനേക്കാൾ ഇരുപതിരട്ടി തിരിച്ചടിയായിരിക്കും ഇറാൻ അനുഭവിക്കേണ്ടിവരികയെന്ന് ട്രംപും പറഞ്ഞു.
ഇന്ത്യയിലും പ്രതിസന്ധി തുടങ്ങി. പാചകവാതകത്തിനു വില വർധിപ്പിക്കുകയും നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. എണ്ണ ആഗോളവിപണിയിൽനിന്നു വെറുതേ കിട്ടിയാലും കൂട്ടിയതൊന്നും ഈ സർക്കാർ കുറയ്ക്കില്ലെന്ന ദുര്യോഗവും ഇന്ത്യക്കാർക്കുണ്ട്. ഇറാനിൽനിന്നു കയറ്റുമതി ചെയ്യുന്ന എണ്ണയിൽ 80 ശതമാനവും വാങ്ങുന്ന രാജ്യമാണ് ചൈന.
അമേരിക്കയെ ചെറുക്കാനുള്ള സഖ്യത്തിലെ മുഖ്യ പങ്കാളിയായിരുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയ് വധിക്കപ്പെട്ടതോടെ ചൈനയുടെ കരുത്ത് അമേരിക്ക തന്ത്രപരമായി കുറച്ചു. ചൈനയുടെ സാന്പത്തികവളർച്ചയും പരുങ്ങലിലാണ്.
ചൈന ഇറാനു കൊടുത്ത മിസൈൽവേധ സംവിധാനങ്ങൾ തോൽവിയായതു മറ്റൊരു വിഷയം. മൂന്നു ദിവസംകൊണ്ട് തീർക്കുമെന്നു വീന്പിളക്കി റഷ്യ തുടങ്ങിയ യുക്രെയ്ൻ അധിനിവേശം ഫെബ്രുവരി 24നു നാലു വർഷം തികച്ചു. തങ്ങൾ ഇത്രയ്ക്കേ ഉണ്ടായിരുന്നുള്ളൂ എന്ന് റഷ്യ ലോകത്തോടു വിളിച്ചുപറഞ്ഞതിനു തുല്യമായി കാര്യങ്ങൾ. ഇറാനെ പിന്തുണയ്ക്കാൻ പോയിട്ട്, സ്വന്തം കാര്യം നോക്കാൻ അവർക്കു പാങ്ങില്ല.
അമേരിക്കയുടെ സൈനിക-സാന്പത്തികശേഷി ട്രംപ് അധികാരത്തിലെത്തിയശേഷം ഉണ്ടായതല്ല. സ്വന്തം ബലം മുൻഗാമികൾ ഇത്ര പ്രകടിപ്പിച്ചിരുന്നില്ല എന്നേയുള്ളൂ. അതിനു കാരണം, ജനാധിപത്യമെന്ന ഭരണസംവിധാനമായിരുന്നിരിക്കാം. ജനാധിപത്യത്തെയും അന്തർദേശീയ മര്യാദകളെയുമൊക്കെ മത-കമ്യൂണിസ്റ്റ്-ഏകാധിപത്യ രാഷ്ട്രങ്ങളുടെ ശൈലിയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിച്ചു.
തിക്തഫലം ഇന്ത്യയും അനുഭവിച്ചു. ഫ്രണ്ടെന്നൊക്കെ വിളിച്ചത് വെറുതെയായിരുന്നു. ഒരു മാസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിച്ചിരിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ‘ദയാവായ്പ്’ ഇന്ത്യയുടെ പരമാധികാരത്തെ അവഹേളിക്കുന്നതായി.
തങ്ങളുടെ സ്റ്റേറ്റുകളിൽ ഒന്നിനോടെന്നപോലെയുള്ള അമേരിക്കൻ പെരുമാറ്റത്തോട് നമ്മുടെ പ്രതികരണവും ദുർബലമായിപ്പോയി. ഇന്ത്യയുടെ ചരിത്രത്തിൽ ഇതൊക്കെ ആദ്യമാണ്. സ്വന്തം ജനങ്ങളെ അടിച്ചമർത്തുകയും മതകാർക്കശ്യങ്ങളുടെ തടവറയിൽ മാത്രം ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഭരണകൂടമായിരുന്നു ഇറാനിലേത്.
പുതിയ പരമോന്നത നേതാവ്, പിതാവായ ഖമനയ്യെക്കാളും മതമൗലികവാദിയും അധികാരം ഉപയോഗിച്ച് പൊതുമുതൽ കവർന്ന് അതിസന്പന്നനായ വ്യക്തിയുമാണ്. തങ്ങളുദ്ദേശിച്ച ഒരു മാറ്റവും മുജ്തബ ഖമനയ്യിലൂടെ സാധ്യമല്ലെന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും അറിയാം. അദ്ദേഹത്തെ പോയിന്റ് ബ്ലാങ്കിൽ എത്തിക്കാനുള്ള ശ്രമം തത്കാലം വിജയിച്ചിട്ടില്ലെന്നേ പറയാനാകൂ.
ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനികനീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പറഞ്ഞ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി മറ്റൊന്നുകൂടി പറഞ്ഞിരുന്നു “കരുത്തുണ്ടെന്നത് ന്യായമുണ്ടെന്നതിനു തെളിവല്ല.” ടിബറ്റിലും തായ്വാനിലുമൊക്കെ തങ്ങൾക്കതു ബാധകമല്ലെന്നു ചൈന കരുതുന്നുണ്ടെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്.
സ്വന്തം ജനങ്ങളെ മതമൗലികവാദത്തിന്റെ തടവറയിലിട്ടിരിക്കുന്ന ഇറാൻ, ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളായ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂതികളെയുമൊക്കെ ഇസ്രയേലിനെതിരേ സജ്ജമാക്കി നിർത്തിയ രാജ്യമാണ്.
ഒരിക്കൽ സോവ്യറ്റ് യൂണിയനെതിരേ അമേരിക്ക അൽ ക്വയ്ദയെ വളർത്തിയതുപോലെ. ഈ യുദ്ധവും ചിലർക്കു സമാധാനം കൊടുത്തേക്കാം. പക്ഷേ, മറ്റുള്ളവരുടെ കാര്യത്തിൽ ഒരുറപ്പുമില്ല. പുതിയ ആഗോള ധ്രുവീകരണത്തിനു കാരണവുമാകും.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി പാക്കിസ്ഥാൻ. പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണത്തെ ബാധിച്ചതോടെയാണ് പാക്കിസ്ഥാൻ വൻ തിരിച്ചടി നേരിടുന്നത്.
സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ധന ലാഭത്തിനുമായി കർശന നിർദേശങ്ങളാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് പാക്കിസ്ഥാനിൽ കാബിനറ്റ് മന്ത്രിമാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നല്‍കില്ല.
സ്കൂളുകൾക്ക് അടുത്ത ആഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. പ്രവൃത്തി ദിനങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ ചെലവുകള്‍ 20 ശതമാനം വെട്ടിക്കുറയ്ക്കും. കൂടാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതി പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അതേസമയം അവശ്യ സര്‍വീസുകൾക്ക് ഇളവ് ബാധകമല്ല. അനാവശ്യമായ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ വക സെമിനാറുകളും കോണ്‍ഫറന്‍സുകളും ഇനി ഹോട്ടലുകള്‍ക്ക് പകരം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തന്നെ നടത്തണം.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടത് പാക്കിസ്ഥാനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയ്ക്കായി പാക്കിസ്ഥാൻ പൂർണമായും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നതാണ് രൂക്ഷ പ്രതിസന്ധിക്ക് കാരണമായത്.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ആഗോള വിപണികളിലേക്കുള്ള എണ്ണയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
"ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നടപടി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. സൈനിക നടപടി തുടരുന്നതിനൊപ്പം ലോകത്തേക്ക് എണ്ണയും ഊർജവും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു.
ഒരു ഭീകരവാദ ഭരണകൂടം ലോകത്തെ ബന്ദിയാക്കാനോ എണ്ണ വിതരണം തടസപ്പെടുത്താനോ താൻ അനുവദിക്കില്ല. ഇറാൻ അങ്ങനെ എന്തെങ്കിലും ചെയ്താൽ, അവർക്ക് ഇതുവരെ കിട്ടിയതിലും വലിയ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാൻ തീവ്രശ്രമവുമായി അമേരിക്കൻ ഉദ്യോഗസ്ഥർ. നിലവിലെ എണ്ണ വിതരണത്തിലുണ്ടായ തടസങ്ങൾ താൽക്കാലികമാണെന്നും വിപണി ഉടൻ പൂർവസ്ഥിതിയിലാകുമെന്നുമാണ് അമേരിക്കൻ ഏജൻസികൾ പറയുന്നത്.
എന്നാൽ പശ്ചിമേഷ്യൻ മേഖലയിലെ എണ്ണ ഉൽപ്പാദന-സംഭരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയിൽ വില 200 ഡോളർ കടക്കുന്ന സാഹചര്യം നേടാനാവുമെങ്കിൽ മാത്രമേ ഇസ്രയേൽ തങ്ങളുടെ എണ്ണ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്നത് തുടരാവൂ എന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കൻ ഭരണകൂടം സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും എന്നാൽ ബ്രിട്ടന്റെ വിമാനവാഹിനി കപ്പലുകൾ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം ഇതിനോടകം അമേരിക്ക ജയിച്ചുകഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് ട്രംപ് പ്രകടിപ്പിച്ചത്. ഇറാനിലെ എണ്ണ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം മൂലം ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് നിലച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
International
വാഷിംഗ്ടൺ: മിനാബിലെ സ്കൂളിലുണ്ടായ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിനാബിലെ സ്കൂളിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്നാണ് ട്രംപിന്റെ ആരോപണം.
ആയുധങ്ങളുടെ കാര്യത്തിൽ ഒരു കൃത്യതയുമില്ലാത്തവരാണ് ഇറാനെന്നും, അവർ നടത്തിയ ആക്രമണമാണിതെന്ന് താൻ സംശയിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ തെക്കൻ മേഖലയായ മിനാബിൽ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 150 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും വിദ്യാർഥികളാണ്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ അമേരിക്കയും ഇസ്രയേലും ഏറ്റെടുത്തിട്ടില്ല. യുഎഇയിലെ ഒരു യുഎസ് സൈനിക താവളത്തിൽ നിന്നാണ് സ്കൂളിന് നേരെ ആക്രമണമുണ്ടായതെന്ന് ഐആർജിസി ആരോപിച്ചിരുന്നു.
അതേസമയം സ്കൂളിന് നേരെയുണ്ടായ ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായതല്ലെന്നും പെന്റഗൺ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാൻ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്രയേൽ സൈന്യം നടത്തിയ സംയുക്ത ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. സൈനിക നീക്കത്തിൽ പങ്കുചേരാത്തതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനെ വിമർശിച്ച് രംഗത്തെത്തി.
ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയയ്ക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടന്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു.
ഇതുവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സമ്പൂർണയായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം. തങ്ങളുടെ ആക്രമണങ്ങൾ വലിയ വിനാശമുണ്ടാക്കും. ഒരുപാട് ജീവനുകൾ നഷ്ടമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പ്രധാന ആയുധ നിർമാതാക്കൾ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ആയുധ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ ധാരണയായി. ഹൈപ്പർസോണിക്, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകളടക്കം ഉയർന്ന ശ്രേണിയിലുള്ള ആയുധ നിർമ്മാണം വേഗത്തിലാക്കും.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ യുഎസ് സൈനികർ പിടിയിലായെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി ആണ് യുഎസ് സൈനികർ പിടിയിലായെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർഥ കണക്ക് അമേരിക്ക പറയുന്നില്ലെന്നും അലി ലറിജാനി ആരോപിച്ചു. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ലറിജാനിയുടെ ആരോപണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെയും ആയിരത്തിലേറെ സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് ഇസ്ലാമിക് റിപബ്ലിക് ട്രംപിനെ വെറുതെ വിടില്ല. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാകുമെന്ന ധാരണയിലായിരുന്നു ട്രംപെന്നും അലി ലറിജാനി കൂട്ടിച്ചേർത്തു.
അതേസമയം സംഘർഷം അവസാനിപ്പിക്കാനുള്ള തങ്ങളുടെ സൗഹൃദ സന്ദേശത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊലപ്പെടുത്തിയെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്നും അരഗ്ചി ആരോപിച്ചു.
International
വാഷിംഗ്ടൺ: ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഉടൻ തകരുമെന്നും, വലിയ രാഷ്ട്രീയ മാറ്റങ്ങൾ അവിടെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫ്ളോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. ശനിയാഴ്ച നടന്ന ഉച്ചകോടിയിൽ ക്യൂബ ഒഴികെയുള്ള അമേരിക്കൻ സഖ്യകക്ഷികൾ പങ്കെടുത്തിരുന്നു.
ക്യൂബയുടെ കാര്യം താൻ നോക്കിക്കൊള്ളാം. അവരുടെ കൈയിൽ പണമില്ല, ഇന്ധനമില്ല. മോശം തത്വശാസ്ത്രമാണ് ക്യൂബയുടേത്. വളരെക്കാലമായി മോശമായി തുടരുന്ന ഒരു മോശം ഭരണകൂടമാണ് അവരുടേത്. ക്യൂബ അതിന്റെ അവസാന നിമിഷങ്ങളിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ വംശജരായ ക്യൂബക്കാർക്ക് വൈകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും അമേരിക്കൻ പ്രസിഡന്റ് സമാന പ്രസ്താവനകൾ നടത്തിയിരുന്നു. ഇറാനുമായുള്ള സംഘർഷം അവസാനിച്ചാൽ തന്റെ ശ്രദ്ധ ക്യൂബയിലായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
International
വത്തിക്കാൻ സിറ്റി: അമേരിക്കയിലെ അപ്പസ്തോലിക് നുൺഷ്യോയായി ആർച്ച്ബിഷപ് ഗബ്രിയേലെ കാച്ചയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
അപ്പസ്തോലിക് നുൺഷ്യോയായിരുന്ന കർദിനാൾ ക്രിസ്റ്റോഫ് പിയറി പ്രായാധിക്യത്തെത്തുടർന്നു വിരമിച്ചതോടെയാണ് പുതിയ നിയമനം.
ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി പ്രവർത്തിച്ചുവരികയായിരുന്നു ആർച്ച്ബിഷപ് ഗബ്രിയേലെ കാച്ച.
ഇറ്റലിയിലെ മിലാൻ സ്വദേശിയായ അദ്ദേഹം ലബനൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ അപ്പസ്തോലിക് നുൺഷ്യോയായി സേവനം ചെയ്തിട്ടുണ്ട്. 2019 മുതൽ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി പ്രവർത്തിച്ചുവരികയായിരുന്നു.
International
മോസ്കോ: പശ്ചിമേഷ്യയിൽ ഇറാനെതിരായി നടക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ രൂക്ഷ വിമർശനവുമായി റഷ്യ. അമേരിക്കയും ഇസ്രയേലും ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
അറബ് രാജ്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസും ഇസ്രയേലും മനഃപൂർവം ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. യുഎസും ഇസ്രയേലും വിട്ടുകൊടുക്കുമെന്നതിന്റെ ഒരു സൂചനയും ഇല്ലെന്നും റഷ്യ അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നാല് അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഫോണിൽ സംസാരിച്ചുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതികാര നടപടികളിലേക്ക് യുഎസും ഇസ്രയേലും ഇറാനെ മനഃപൂർവം പ്രകോപിപ്പിച്ചെന്നും റഷ്യ ആരോപിച്ചു.
യുഎസിന്റെയും ഇസ്രയേലിന്റെയും നടപടി മനുഷ്യ ജീവനുകൾ അപകടത്തിലാവാനും നാശനഷ്ടങ്ങൾക്കും കാരണമായി. പശ്ചിമേഷ്യയിലുണ്ടായ സംഭവവികാസങ്ങളിൽ റഷ്യ അഗാധമായി ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധകപ്പൽ തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്. ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാന്റെ മൗഡ്ജ് ക്ലാസ് യുദ്ധകപ്പൽ ഐറിസ് ദേനയാണ് തകർന്നത്.
യുഎസ് ആണവ അന്തർവാഹിനിയുടെ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് കപ്പൽ ആക്രമണം സ്ഥിരീകരിച്ചത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വച്ചാണ് 180 പേരടങ്ങുന്ന ഐറിസ് ദേനയ്ക്ക് നേരെ യുഎസ് ടോർപ്പിഡോ ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചത്.
International
പശ്ചിമേഷ്യയിലെ ഒന്നാം നന്പർ ശത്രുവിനെ ഇസ്രയേലും അമേരിക്കയും വകവരുത്തിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട ഇന്റലിജൻസ് നിരീക്ഷണം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് അദ്ദേഹത്തിന്റെ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇസ്രയേലും അമേരിക്കയും മിസൈലുകൾ തൊടുത്തത്.
ഖമനയ്യുടെ വസതി ഉൾപ്പെടുന്ന ടെഹ്റാനിലെ മേഖല വർഷങ്ങളായി ഇസ്രേലി ചാരസംഘനയായ മൊസാദിന്റെയും അമേരിക്കൻ ചാരസംഘനയായ സിഐഎയുടെയും നിരീക്ഷണത്തിലായിരുന്നെന്നാണു റിപ്പോർട്ട്. ഇറേനിയൻ നേതൃനിരയിലെ ഇസ്രേലി ചാരനും വധത്തിൽ പ്രധാന പങ്കുവഹിച്ചു.
ഖമനയ് അദ്ദേഹത്തിന്റെ രണ്ട് ഭൂഗർഭ ബങ്കറുകളിൽ ഏതെങ്കിലും ഒന്നിലായിരുന്നുവെങ്കിൽ ശനിയാഴ്ചത്തെ ഇസ്രേലി-അമേരിക്കൻ ആക്രമണം വിഫലമാകുമായിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.
അദ്ദേഹം ബങ്കറിലല്ല, ഓഫീസിൽ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ചയിലാണെന്ന വിവരം ഉറപ്പിക്കാൻ കഴിഞ്ഞത് ഓപ്പറേഷനിൽ സുപ്രധാനമായി. ഇസ്രയേലിന്റെ ചാരനായ ഉന്നത ഇറേനിയൻ വൃത്തവും ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം നല്കി.
ഖമനയ്യുടെ വസതിക്കടുത്തുള്ള ട്രാഫിക് കാമറകൾ വർഷങ്ങൾക്കു മുന്‍പേ മൊസാദും സിഐഎയും ഹാക് ചെയ്തിരുന്നുവെന്ന് പറയുന്നു. ഖമനയ്യുടെ വസതി നിരീക്ഷിക്കുന്ന കാമറകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആക്രമണത്തിനു മുന്‍പായി ഖമനയ്യുടെ വസതിക്കു സമീപമുള്ള മൊബൈൽ ഫോൺ ടവറുകൾ ഇസ്രയേലും അമേരിക്കയും ജാം ചെയ്തു. ഫോൺ ചെയ്യാൻ ശ്രമിച്ചാൽ ബിസി ടോൺ ആണു ലഭിക്കുക. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഖമനയ്യുടെ സുരക്ഷാ ഭടന്മാർക്കു ലഭിക്കരുത് എന്നുറപ്പാക്കാൻ വേണ്ടിയായിരുന്നിത്.
ഖമനയ്യെ ആക്രമിക്കാൻ തയാറെടുത്ത ഇസ്രേലി യുദ്ധവിമാനങ്ങൾ ശനിയാഴ്ച രാവിലെ മണിക്കൂറുകളാണ് ആകാശത്തു തുടർന്നത്. ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം ലഭിച്ചശേഷം 30 മിസൈലുകളാണു യുദ്ധവിമാനങ്ങൾ തൊടുത്തത്.
1,000 കിലോമീറ്റർ അകലെയുള്ള സ്ഥാനം കൃത്യമായി തകർക്കാൻ കഴിയുന്ന അമേരിക്കൻ നിർമിത സ്പാറോ മിസൈലാണ് തൊടുത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിനു പകൽസമയം തെരഞ്ഞെടുത്തതും ഇറാനെ ഞെട്ടിക്കാനായിരുന്നു.
International
ടെൽ അവീവ്: ഇറാനെതിരെ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ.
ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരണം നടത്തിയത്. ഇറാന്റെ അതീവ സുരക്ഷാ മേഖലയിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഇറാന്റെ ഭരണനിർവഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ താത്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു.
ഇറാന്റെ പുതിയ ഭരണസമിതി തകർക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ അറിയിച്ചു. അതേസമയം ആക്രമണത്തിന് പിന്നാലെ ടെഹ്റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര- ഊർജ പാതകളെ തടസപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്.
ഫെബ്രുവരി 28ന് ആയിരുന്നു ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം ശക്തമാക്കിയിരുന്നു.
ഇതോടെയാണ് സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് 787 പേർ കൊല്ലപ്പെട്ടതായി ഇറാനിലെ റെഡ് ക്രസന്റ് അറിയിച്ചു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാനായിട്ടില്ല.
വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാരാണുള്ളത്. അവരുടെ സുരക്ഷയാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Kerala
പാലക്കാട്: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നയതന്ത്ര മര്യാദകൾ ലംഘിച്ച് നടത്തുന്ന ഈ കടന്നാക്രമണം ജനാധിപത്യ ലോകത്തിന് അപമാനമാണെന്നും പിണറായി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്ക് നിരക്കാത്തതാണ്. കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് ഇവിടെ നടപ്പാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇറാന്റെ എണ്ണയും പ്രകൃതിവാതകവും കൈക്കലാക്കാനാണ് അമേരിക്കയുടെ ശ്രമം. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നും പിണറായി പറഞ്ഞു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ പ്രവാസികളെ സംബന്ധിച്ചുള്ള ആശങ്കയും മുഖ്യമന്ത്രി പങ്കുവച്ചു. യുദ്ധം മൂലം പ്രവാസികൾ വലിയ ആശങ്കയിലാണെന്നും ഓരോ നിമിഷവും തീ തിന്നാണ് അവർ കഴിയുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന അമേരിക്കയാണ് അധിനിവേശങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വലിയ ചരിത്രമുള്ള രാജ്യമായ ഇറാനെ തകർക്കാൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്തേക്കെത്തുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് ഗൾഫ് രാജ്യങ്ങളിലുടനീളം പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇതുകൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ വിവിധ ലോക രാജ്യങ്ങളിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം അനശ്ചിതത്വത്തിലായിരുന്നു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കുറയുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാൽ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്നും അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാകില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലവിൽ വ്യക്തമാക്കുന്നത്. രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ 60 ശതമാനവും എത്തുന്നത് ഹോർമുസ് കടലിടുക്കിലൂടെ അല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
മൂന്ന് മുതൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നേരത്തെ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ അമേരിക്കയുമായി ധാരണയായ വ്യാപാര കരാർ അനുസരിച്ച് റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
International
വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നിർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധം എത്ര കാലം തുടരുമെന്ന് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.
ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. പ്രസിഡന്റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകുമെന്ന് യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്നും വ്യക്തമാക്കി.
അതേസമയം തങ്ങളുടെ മൂന്ന് എഫ് 15 വിമാനങ്ങൾ തകർന്നതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. "ഫ്രണ്ട്ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ അമേരിക്ക വിശേഷിപ്പിച്ചത്.
International
ലണ്ടൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ബ്രിട്ടൺ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാർമർ പറഞ്ഞു.
ഇറാന്റെ മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൺ അംഗീകരിച്ചതായി വ്യക്തമാക്കുകയായിരുന്നു കെയർ സ്റ്റാർമർ. ഞായറാഴ്ച എക്സിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതിനിടെയായിരുന്നു ശനിയാഴ്ച ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ബ്രിട്ടൺ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരില്ലെന്നും സ്റ്റാർമർ പറഞ്ഞു.
അതേസമയം ഇറാൻ ബ്രിട്ടീഷ് താത്പര്യങ്ങളെ തകർക്കുകയാണെന്നും സ്റ്റാർമർ ആരോപിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകൾക്കും എയർപോർട്ടുകൾക്കും നേരെയുണ്ടായതായും സ്റ്റാർമർ ആരോപിച്ചു.
ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അഭിപ്രായപ്പെട്ട സ്റ്റാർമർ, ഇറാന് ഉയർത്തുന്ന ഭീഷണി തടയാനുള്ള ഏക മാർഗം സംഭരണ ഡിപ്പോകളിലോ ലോഞ്ചറുകളിലോ ഉള്ള മിസൈലുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയെന്നതാണെന്നും കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായും തകർത്തതായി യുഎസ് അവകാശപ്പെട്ടു.
മാരക പ്രഹര ശേഷിയുള്ള ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. യുഎസ് സെൻട്രൽ കമാൻഡ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇറാന്റെ ഒൻപത് സൈനിക കപ്പലുകൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്നും യുഎസ് പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇറാന്റെ ഉന്നതതലത്തിലുള്ള 48 നേതാക്കളെ വധിച്ചതായി അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് ഉൾപ്പെടെയുള്ള ഉന്നതരെ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
International
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്(86) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങൾ ശരിവയ്ക്കുകയാണ് ഇറാനിയൻ മാധ്യമങ്ങൾ.
ഫാർസ്, തസ്നീം ഉൾപ്പെടെയുള്ള ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനയ്യുടെ പിൻഗാമി ആരെന്ന ചോദ്യമാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
ഇസ്രയേലും അമേരിക്കയും ഖമനയ് കൊല്ലപ്പെട്ടെന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടെ വ്യാജ പ്രചാരണമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിന് പിന്നാലെ ഖമനയ്യുടെ എക്സിൽ പുതിയ പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇമാം അലിയുടെ നാമത്തിൽ എന്ന് ആരംഭിക്കുന്ന പോസ്റ്റിൽ പ്രത്യാക്രമണത്തെ കുറിച്ചുള്ള സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയൻ സ്റ്റേറ്റ് ടിവി ഉൾപ്പെടെ ഖമനയ്യുടെ മരണം സ്ഥിരീകരിച്ചത്.
ഖമനയ്യുടെ ഔദ്യോഗിക വസതി ആക്രമിക്കപ്പെട്ട ശേഷമായിരുന്നു ഇസ്രയേൽ മാധ്യമങ്ങൾ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖമനയ് സുരക്ഷാ കേന്ദ്രത്തിലേക്ക് മാറിയെന്നായിരുന്നു തുടർന്നുള്ള ഇറാന്റെ അവകാശവാദം.
ഇതിന് പിന്നാലെ ഖമനയ് കൊല്ലപ്പെട്ടതായും തങ്ങളുടെ ഇന്റലിജൻസ് സംവിധാനങ്ങളെ മറികടക്കാൻ ആയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദവുമായെത്തിയിരുന്നു. തന്റെ സോഷ്യൽ മീഡിയ ദി ട്രൂത്തിലൂടെ ആയിരുന്നു യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിച്ചത്.
International
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് ആവർത്തിക്കുന്നതിനിടെ എക്സ് പോസ്റ്റിലൂടെ മറുപടി. ആയത്തൊള്ള ഖമനയ്യുടെ എക്സ് പേജിൽ ഒരു പുതിയ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് ഇറാൻ മറുപടി നൽകിയത്.
പ്രത്യാക്രമണത്തെ കുറിച്ചുള്ള സൂചന നൽകുന്ന പോസ്റ്റ് ആരംഭിക്കുന്നത് ഇമാം അലിയുടെ നാമത്തിൽ എന്നായിരുന്നു. ഖമനയ് കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇറാൻ തള്ളിയിരുന്നു.
ഖമനയ് കൊല്ലപ്പെട്ടെന്നത് വ്യാജ പ്രചാരണമാണെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. ഖമനയ് പ്രത്യാക്രമണത്തിന് നേതൃത്വം നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. ഔദ്യോഗിക വസതി ആക്രമിക്കപ്പെട്ട ശേഷമായിരുന്നു ഇസ്രയേൽ മാധ്യമങ്ങൾ ഖമനയ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഖമനയ് സുരക്ഷാ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടിരിക്കാമെന്നായിരുന്നു പ്രതികരിച്ചത്.
ഇതിന് പിന്നാലെ ഖമനയ് കൊല്ലപ്പെട്ടതായും തങ്ങളുടെ ഇന്റലിജൻസ് സംവിധാനങ്ങളെ മറികടക്കാൻ ആയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദവുമായെത്തിയിരുന്നു. തന്റെ സോഷ്യൽ മീഡിയ ദി ട്രൂത്തിലൂടെ ആയിരുന്നു യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിച്ചത്.
International
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് ഇതുസംബന്ധിച്ച് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ദി ട്രൂത്തിൽ കുറിച്ചത്.
ഖമനയ്യുടെ മരണം സംബന്ധിച്ച വിവരങ്ങൾ തനിക്ക് ലഭിച്ചതായും അത് ശരിയായ വിവരമാണെന്ന് കരുതുന്നതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ ഇതേ അവകാശവാദവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു.
ഇസ്രയേൽ മാധ്യമങ്ങളും ഖമനയ് കൊല്ലപ്പെട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇറാൻ ഇസ്രയേലിന്റെ അവകാശവാദങ്ങൾ തള്ളിയിരുന്നു. ഖമനയ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഖമനയ് മാത്രമല്ല, ഇറാന്റെ മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നു. ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കൾ കൊല്ലപ്പെട്ടതായും ട്രംപ് കുറിച്ചു.
നിലവിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ലെന്നും, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജൻസ് സംവിധാനങ്ങളെ മറികടക്കാൻ ഖമനയ്ക്ക് കഴിഞ്ഞില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഖമനയ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹം പൊതുവേദിയിൽ എത്താത്തത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ആരോപണങ്ങൾക്ക് പിൻബലം നൽകുന്നു.
International
ടെഹ്റൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ തന്ത്ര പ്രധാനമായ വ്യാപാര പാത ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയാണ് ഇതോടെ നിശ്ചലമായിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കുന്ന തരത്തിൽ വൻ പ്രഹരമാണ് ഇറാൻ ഇതുവഴി ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും കനത്ത പ്രതിസന്ധിയുണ്ടാകും.
ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പകുതിയോളവും. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഹോർമുസ് വഴി രാജ്യത്തെത്തുന്നത്. ഹോർമുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിതരണത്തിൽ അനശ്ചിതത്വങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് വിലയിരുത്തലുകൾ.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്കെത്തുന്നത്. ഹോർമുസ് വഴിയുള്ള നിയന്ത്രണം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
2025ൽ ഹോർമുസ് കടലിടുക്ക് വഴി 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 2.6 ദശലക്ഷം ബാരലാണ് പ്രതിദിനം ഇന്ത്യയിലേക്കെത്തിയിരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറച്ചതാണ് ഹോർമുസ് വഴി അധിക എണ്ണ എത്തിക്കുന്നതിലേക്ക് നയിച്ചത്.
ഗൾഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
International
വാഷിംഗ്ടൺ: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അമേരിക്ക. യുഎസ് സെൻട്രൽ കമ്മാൻഡ് ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഇറാന്റെ ആക്രമണം യുഎസിനെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ ഒരു സൈനികനും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. അതേസമയം ഇറാന്റെ 24 പ്രവിശ്യകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടായതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിക്കുന്നു.
24 പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റെഡ് ക്രസന്റ് വ്യക്തമാക്കി. എന്നാൽ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും അവകാശവും സംരക്ഷിക്കുന്നതിനായുള്ളതാണ് ഇപ്പോൾ നടക്കുന്ന പോരാട്ടമെന്ന് ഇറാൻ ദേശീയ വക്താവ് ഇസ്മയിൽ ബക്ഷി അറിയിച്ചു.
അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്നും, യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങൾ ആക്രമണം നേരിടുന്നതെന്നും ഇസ്മയിൽ ബക്ഷി വ്യക്തമാക്കി.
സ്വന്തം രാജ്യത്തിനായി നടത്തുന്ന പ്രതിരോധങ്ങളാണ് തങ്ങളുടെ സായുധ സേനകൾ ചെയ്യുന്നതെന്നും, അവർ രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇസ്മായിൽ ബക്ഷി കൂട്ടിച്ചേർത്തു.
International
ഹവാന: അമേരിക്കയിൽനിന്ന് സ്പീഡ് ബോട്ടിലെത്തി ആക്രമണത്തിനു ശ്രമിച്ച സംഘത്തിലെ നാലു പേരെ വധിച്ചതായി ക്യൂബൻ സർക്കാർ അറിയിച്ചു. ആറു പേരെ പരിക്കുകളോടെ പിടികൂടി. പത്തു പേരും അമേരിക്കയിൽ താമസിച്ചിരുന്ന ക്യൂബൻ പൗരന്മാരാണ്.
ക്യൂബയിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇവരെത്തിയതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത ബോട്ടിലാണ് എത്തിയത്. ക്യൂബൻ അതിർത്തിയിൽ പ്രവേശിച്ച ബോട്ടിനെ തീരരക്ഷാ സേന സമീപിച്ചപ്പോൾ വെടിവയ്പുണ്ടായി. തുടർന്നാണു നാലു പേർ കൊല്ലപ്പെട്ടത്. യന്ത്രത്തോക്കുകളും സ്ഫോടകവസ്തുക്കളും ഇവരിൽനിന്നു കണ്ടെടുത്തു.
കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞതായി ക്യൂബൻ സർക്കാർ പറഞ്ഞു. പലരും ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രവർത്തിച്ചതിനു ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്.
യുഎസ്- ക്യൂബ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സന്ദർഭത്തിലാണ് ഈ സംഭവം. അസാധാരണമായ ഈ സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷണം നടത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
വെനസ്വേല ക്യൂബയ്ക്ക് എണ്ണ നല്‍കുന്നത് അമേരിക്ക വിലക്കിയിരിക്കുകയാണ്.വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയായിരുന്നു അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നടപടി. എണ്ണ ലഭിക്കാത്തതു മൂലം ക്യൂബ വലിയ പ്രതിസന്ധിയാണു നേരിടുന്നത്.
International
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ വിദേശ വനിതകളെ യുഎസിൽ നിർത്താൻ ഉപയോഗിച്ചിരുന്ന തന്ത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ നീതിന്യായ വകുപ്പ്. സ്റ്റുഡൻഡ് വിസ, ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ, വ്യാജ വിവാഹങ്ങൾ തുടങ്ങിയ മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
ഇതുസംബന്ധിച്ച തെളിവുകളും രേഖകളും അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലിൽ ഇതുസംബന്ധിച്ച നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മെസേജുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയിലും ഇതുസംബന്ധിച്ച തെളിവുകളുണ്ട്. ഇതിലെ പ്രധാന കേസാണ് എപ്സ്റ്റീന്റെ പെൺസുഹൃത്ത് കരീന ഷുലിയാക്കിന്റേത്. ഇവരായിരുന്നു എപ്സ്റ്റീന്റെ അവസാന കാമുകിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വിസ പ്രശ്നങ്ങൾ നേരിട്ട 2012-13 കാലഘട്ടത്തിൽ ഷുലിയാക്കിനായി എപ്സ്റ്റീൻ തന്റെ സ്വാധീനവലയം ഉപയോഗിച്ച് ഇമിഗ്രേഷൻ സഹായം തേടിയിരുന്നു. വൈറ്റ് ഹൗസ് മുൻ നിയമോപദേശകൻ ഗ്രെഗ് ക്രെയ്ഗ്, യുഎസ് ഇമിഗ്രേഷൻ മേധാവിയായിരുന്ന അലെക്സാണ്ട്രോ മയോർക്കസ് എന്നിവരുടെ പേരുകൾ ഇ-മെയിൽ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
സ്റ്റുഡന്‍ഡ് വിസ കാലാവധി അവസാനിച്ചതോടെ ഷുലിയാക്ക് യുഎസ് പൗരനെ വിവാഹം ചെയ്ത് ഗ്രീൻ കാർഡും പിന്നീട് പൗരത്വവും നേടിയിരുന്നു. പിന്നാലെ അവർ വിവാഹമോചനം നേടി.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടികാഴ്ച സമാപിച്ചു. ഏകദേശം മൂന്ന് മണിക്കൂർ ചർച്ച നീണ്ടുനിന്നു.
ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് ചർച്ചയിൽ പ്രധാന വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.
ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു കരാറിലെത്താൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി.
എന്നാൽ ചർച്ചയിൽ നിർണായക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാനുമായുള്ള ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നു.
ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നെതന്യാഹുവിന്റെ ആറാമത്തെ യുഎസ് സന്ദർശനമാണിത്.
International
ടെഹ്റാൻ: അമേരിക്ക തങ്ങൾക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാൻ. യുഎസ്-ഇറാൻ ചർച്ചകൾക്ക് പിന്നാലെയാണ് സുപ്രധാന തീരുമാനം.
ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. യുഎന്‍ ആണവ ഏജന്‍സി 2025 മെയ് മാസത്തില്‍ ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് രംഗത്തെത്തിയിരുന്നു. ഇത്രയധികം യുറേനിയം ശേഖരം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക.
ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് ഉടനടി 90 ശതമാനത്തിലേറെ സമ്പുഷ്ടീകരിക്കാനാകുമെന്നും എളുപ്പത്തില്‍ ബോംബ് നിര്‍മാണം സാധിക്കുമെന്നായിരുന്നു യുഎസിന്റെ വിശദീകരണം.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്ന് ഇറാന് നിലപാടെടുത്തിരുന്നു.
International
മസ്കറ്റ്: യുദ്ധാശങ്കകൾക്കിടെ ഇറാൻ-അമേരിക്ക ചർച്ച ഒമാനിൽ പുനരാരംഭിച്ചു. ഇറേനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമാണ് പങ്കെടുത്തത്. പരോക്ഷ ചർച്ചയിൽ ഒമാനി അധികൃതർ ഇരുവിഭാഗത്തിനും സന്ദേശങ്ങൾ കൈമാറുകയായിരുന്നു.
നയതന്ത്രത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമിടയിൽ പല കാര്യങ്ങളിലും തർക്കം തുടരുന്നതായാണു റിപ്പോർട്ട്. ചർച്ചയുടെ അജൻഡ വികസിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കാത്തത് ഇതിലൊന്നാണ്.
ആണവപദ്ധതികൾ സംബന്ധിച്ച ചർച്ച മാത്രം മതിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ വിവിധ സായുധ ഗ്രൂപ്പുകളെ തീറ്റിപ്പോറ്റൽ, സ്വന്തം ജനതയോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ചർച്ച വേണമെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞത്.
യുഎസ് സൈനിക പ്രതിനിധികൾ പങ്കെടുത്താൽ ചർച്ച അവതാളത്തിലാകുമെന്നും ഇറാൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സേന ആക്രമണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയിലാണ് ഇറേനിയൻ നേതൃത്വം ചർച്ചയ്ക്കു വഴങ്ങിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ 12 ദിന യുദ്ധത്തിന്റെ അവസാന ദിവസം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനിൽ ബോംബിട്ടിരുന്നു. ഇതുപോലൊരാക്രമണത്തിന് അമേരിക്ക വീണ്ടും മുതിരുന്നത് പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന യുദ്ധമായി മാറുമെന്ന ആശങ്കയും ശക്തമാണ്.
നയതന്ത്രത്തിനു പുറമേ മറ്റു പല മാർഗങ്ങളും പ്രസിഡന്റ് ട്രംപിനു മുന്നിലുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രസ്് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യാഴാഴ്ച അറിയിച്ചത്.
National
ന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിംഗ്ടൺ പോസ്റ്റിലുണ്ടായ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടമായെന്ന് ശശി തരൂർ എംപിയുടെ മകൻ ഇഷാൻ തരൂർ. വാഷിംഗ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ തരൂർ.
ജോലി നഷ്ടമായ വിവരം എക്സിലൂടെ ഇഷാൻ തന്നെയാണ് പങ്കുവച്ചത്. വാഷിംഗ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം തനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നുവെന്ന് ആരംഭിക്കുന്നതാണ് ഇഷാന്റെ കുറിപ്പ്.
തങ്ങളുടെ ന്യൂസ് റൂമിനെയോർത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച മാധ്യമ പ്രവർത്തകരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നു. തന്റെ സഹപ്രവർത്തകർക്കൊപ്പം 12 വർഷം പ്രവർത്തിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്നും ഇഷാൻ അറിയിച്ചു.
തന്റെ 'വേൾഡ് വ്യൂ' എന്ന കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഇഷാൻ കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പെടെ ഏകദേശം 400 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
International
ടെഹ്റാൻ: സംഘർഷഭീതി നിലനിൽക്കേ അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ വിദേശകാര്യമന്ത്രിക്കു നിർദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
മേഖലയിലെ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദേശത്തോടു പ്രതികരിക്കാൻ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെ മാനിച്ചാണു തീരുമാനം. ഭീഷണിയില്ലാത്ത അന്തരീക്ഷമുണ്ടാകുകയാണെങ്കിൽ മാന്യത, വിവേകം, കാര്യക്ഷമത എന്നിവ മുൻനിർത്തിയുള്ള നീതിയും ന്യായയുക്തവുമായ ചർച്ചകൾക്കു വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, ചർച്ച സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ അമേരിക്കയുമായുള്ള ചർച്ച തള്ളിക്കളഞ്ഞ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ചർച്ചയ്ക്ക് അനുമതി നൽകിയതിന്റെ സൂചനകൂടിയായി പ്രസിഡന്റിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് തുർക്കിയാണെന്നാണ് അറിയുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും കരാറിലെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജൂണിൽ ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിംഗ് നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
പരോക്ഷ ചർച്ചകളായിരിക്കും ആദ്യം നടക്കുകയെന്നും പിന്നീട് കരാർ സാധ്യമാകുമെന്നു തോന്നിയാൽ നേരിട്ടുള്ള ചർച്ചകളിലേക്കു നീങ്ങുമെന്ന് ഖമനയ്യുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. ആണവ വിഷയങ്ങളിൽ മാത്രമായിരിക്കും ചർച്ച കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. എങ്ങനെ വരുമെന്ന് നമുക്കു കാണാം -ട്രംപ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് ചർച്ച നടക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
International
ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.
International
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
International
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 70,000ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയി ഉയർന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറിൽ ഗാസ മുനമ്പിലെ ആശുപത്രികളിൽ രണ്ട് മൃതദേഹങ്ങൾ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിൽ ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിൽ 354 പലസ്തീനികൾ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഹമാസ് 20 ബന്ദികളെയും 28 പേരുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
ഇതിനുപകരമായി ഇസ്രയേൽ ബന്ദികളാക്കിയിരുന്ന 2,000 പലസ്തീനികളെ മോചിപ്പിക്കുകയും നൂറുകണക്കിന് മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു.
International
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ചൈന വൻതോതിൽ സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാസങ്ങളോളം കാർഷികോത്പന്നങ്ങളുടെ കയറ്റുമതി അനശ്ചിതത്വത്തിലായിരുന്നു.
യുഎസിൽ നിന്നുള്ള സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. ഇറക്കുമതി തീരുവയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ വാങ്ങാൻ ചൈന തയാറായിരുന്നില്ല.
ഇതേ തുടർന്ന് അമേരിക്കൻ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതായി ട്രംപ് അറിയിച്ചിരുന്നു.
മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈന വാങ്ങുന്നത്. കയറ്റുമതി വീണ്ടും ആരംഭിച്ചതോടെ നഷ്ടം ഒരു പരിധി വരെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ കർഷകർ.
.
International
വാഷിംഗ്ടൺ: യുക്രെയ്നെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ട്രംപ് യുക്രെയ്ൻ ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം.
സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
International
വത്തിക്കാൻ: ആര്, എപ്പോൾ, എങ്ങനെ ഒരു രാജ്യത്തേക്കു പ്രവേശിക്കണമെന്നു തീരുമാനിക്കാൻ ഒാരോ രാജ്യത്തിനും അവകാശമുണ്ടെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്റെ വിവേചനാധികാരമാണ്. അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഒാഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.
ബിഷപ്പുമാരുടെ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു ലെയോ പാപ്പാ പറഞ്ഞു. എല്ലാ കത്തോലിക്കരുടെയും സന്മനസുള്ള ആളുകളുടെയും ശ്രദ്ധ അതിലേക്കു ഞാൻ ക്ഷണിക്കുകയാണ്.
കുടിയേറ്റ നയം നടപ്പിലാക്കുമ്പോൾ, ആളുകളോടു മനുഷ്യത്വപരമായി പെരുമാറാനും അവർക്കുള്ള അതേ മാന്യതയോടെ ഇടപെടാനുമുള്ള വഴികൾ നാം തേടണം. ആളുകൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ, അവരോടു പെരുമാറാൻ വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയുക്ത മേയർക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപിന്റെ മകൻ എറിക് ട്രംപ്.
സൊഹ്റാൻ മംദാനി ഇന്ത്യൻ ജനതയെ വെറുക്കുന്നതായും ന്യൂയോർക്ക് നഗരം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് എറിക് മംദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെയും ഇന്ത്യക്കാരെയും വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആണ് മംദാനിയെന്നും എറിക് ആരോപിച്ചു. അമേരിക്കയിലെ നഗരങ്ങൾ ഇപ്പോൾ കടന്നുപോകുന്നത് തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണെന്നും എറിക് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: സൊഹ്റാൻ മംദാനി-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസിൽ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു ട്രംപ് കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ കൂടിക്കാഴ്ച പ്രഖ്യാപനത്തിന് പിന്നാലെ സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.
International
ന്യൂയോർക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക. യുഎസിൽ എത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈനിക - വ്യാപാര കരാറുകൾ സന്ദർശനത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.
International
ന്യൂയോർക്ക്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ വൈറ്റ് ഹൗസിൽ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദർശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. പ്രധാന സൈനിക - വ്യാപാര കരാറുകൾ എന്നിവ സന്ദർശനത്തിന്റെ ഭാഗമാകും. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.